തിരു: കല്യാണത്തിന് ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കി ശുചിത്വമിഷനും കേരള സർക്കാരും.

കല്യാണങ്ങളും മറ്റും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഹരിതപ്രോട്ടോകോള്‍ നിര്‍ബ്ബന്ധമാക്കുന്നു. നാട്ടിലെ വിവാഹ ചടങ്ങുകളിലേക്ക് പഴയത് പോലെ തന്നെ തൂശനിലയും സ്റ്റീല്‍ ഗ്‌ളാസ്സും ചില്ലു കുപ്പികളുമെല്ലാം തിരിച്ചുവരുമ്പോള്‍ നിലവില്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷത്തെ മുന്‍ നിര്‍ത്തി ഡിസ്‌പോസിബിള്‍ ഗ്‌ളാസ്സുകളും പ്‌ളാസ്റ്റിക് ഇലകളും കുപ്പികളും മറ്റും പുറത്താകും.

ഹരിത പ്രോട്ടോകോളിന്റെ ഭാഗമായി ശുചിത്വമിഷനെയും സ്‌ക്വാഡുകളെയും ഉപയോഗിച്ച് സര്‍ക്കാര്‍ കല്യാണമണ്ഡപങ്ങളിലും വിവാഹവേദികളിലും മറ്റും പരിശോധന നടത്തും. വിവാഹത്തിനും മറ്റും വീടുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തന്നെ ഉപയോഗിക്കുന്നത് ഉറപ്പാക്കാന്‍ സ്‌ക്വാഡുകളെ അയയ്ക്കാനും പദ്ധതിയുണ്ട്.

കല്യാണ മണ്ഡപങ്ങളിലും മറ്റും എത്തി വീഡിയോ എടുത്ത് വിളമ്പിയ പാത്രങ്ങളും ഉപയോഗിച്ച വസ്തുക്കളും നോക്കി ശിക്ഷ നടപ്പാക്കും. പൂര്‍ണ്ണമായും പ്രകൃതിക്ക് അനുയോജ്യമാകുന്ന രീതിയില്‍ വീട്ടില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍ തന്നെയാണ് വേണ്ടത്.

ദേശീയഗെയിംസ്, ആറ്റുകാല്‍ പൊങ്കാല, മലയാറ്റൂര്‍ പെരുന്നാള്‍ എന്നിവിടങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ വിജയിച്ച പശ്ചാത്തലത്തിലാണ് കല്യാണവും മറ്റും ഹരിത പ്രോട്ടോക്കോളിന് കീഴിലാക്കുന്നത്. കല്യാണമണ്ഡപം, ഹോട്ടല്‍, ടൗണ്‍ഹാള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന കല്യാണങ്ങള്‍ പ്‌ളാസ്റ്റിക് വിരുദ്ധമായിരിക്കണമെന്ന് കര്‍ശനമാക്കിയിരിക്കുകയാണ്.

പ്‌ളാസ്റ്റിക് പ്‌ളേറ്റുകളും കുപ്പികളും ഡിസ്‌പോസിബിള്‍ ഗ്‌ളാസ്സുകളും ഒഴിവാക്കി ഇലകളും സ്റ്റീല്‍ ഗ്‌ളാസ്സുകളും ഗ്‌ളാസ്സ് പ്‌ളേറ്റുകളും ചില്ലു കുപ്പികളും ഉപയോഗിക്കണം തെര്‍മോക്കോളും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം.

വിരുന്നുകള്‍ ഹരിത പ്രോട്ടോകോളിന് കീഴിലാക്കാന്‍ വ്യാപകമായ ബോധവല്‍ക്കരണവും ക്രൈസ്തവ, ഹൈന്ദവ, ഇസ്‌ളാമിക സംഘടനകളെ ഉപയോഗിച്ചുള്ള പ്രചരണവുമൊക്കെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Advertisements